2009 ജനുവരി 25, ഞായറാഴ്‌ച

ഓയില്‍ മെ ഡാല്‍ നെ കെ സമയ് ട്ടോ ...ട്ടോ .....ട്ടോ

ഓയില്‍ മെ ഡാല്‍ നെ കെ സമയ് ട്ടോ ...ട്ടോ .....ട്ടോ

ഇതു എന്‍റെ സഹ മുറിയനായ പണിക്കര്‍ ചേട്ടന്‍ കടുക് വാങ്ങാന്‍ പോയ കഥയാണ് .....


ഞങ്ങള്‍ ഗള്‍ഫ് ജീവിതം ആരംഭിച്ച കാലം . കൊല്ലവർഷം ഏതാണ്ട്.. ആ ഏതോ കാലം. ഞങ്ങൾ മൂന്നു പേർ ഒരേ സമയമാണ് കമ്പനിയില്‍ ജോലി ആരംഭിച്ചത് .അതുകൊണ്ട് തന്നെ ഞങ്ങള്‍ നല്ല കമ്പനിയായിരുന്നു ഒരു റൂമിൽ താമസവും . സ്വാഭാവികമായും ഭക്ഷണവും ഒന്നിച്ചു പാചകം ചെയ്തു കഴിക്കുന്ന കാലം. ഈ ഭക്ഷണം എന്ന് പറഞ്ഞാൽ രാത്രി ചോറ് ഉണ്ടാക്കും, പിന്നെ കറിയും.. കറി എന്ന് പറഞ്ഞാൽ ചെറുപയറാണ് സ്ഥിരം വേട്ടമൃഗം. ചിലപ്പോ തക്കാളിയും. അതാണല്ലോ ആകെ ഉണ്ടാക്കാൻ അറിയുന്നത് .അത് തന്നെ മൂന്ന് നേരവും കഴിക്കും, അല്ലേൽ കുബൂസ്. ഓരോ നേരവും ഓരോ തരം ഐറ്റം ഉണ്ടാക്കിത്തരുന്ന, എന്നാലും കുറ്റം മാത്രം കേൾക്കാൻ വിധിക്കപ്പെട്ട വീട്ടിലെ പോരാളിയെ സ്മരിച്ചുകൊണ്ട് ഇതു തന്നെ മൂന്നു നേരോം കഴിക്കും. ദൈവം സഹായിച്ചു
മലയാളം അല്ലാതെ വേറെ ഒരു ഭാഷയും നല്ല രീതിയില്‍ സംസാരിക്കാൻ അറിയില്ല . അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നത് അടുത്തുള്ള ഒരു ബംഗാളിയുടെ കടയില്‍ നിന്നായിരുന്നു. പുള്ളിക്കാരന് അറബിയും ഹിന്ദിയും ബംഗാളിയുമെല്ലാം അറിയാം, പക്ഷെ മലയാളം ഇംഗ്ലീഷ് നഹി നഹി....



ഒരു വെള്ളിയാഴ്ച, അറബികളുടെ സണ്‍‌ഡേ... മുട്ടിൽ വെയിലടിക്കണ സമയം വരെ ഉറങ്ങി വിശപ്പിന്റെ വിളിനാദം എന്ന കവിത ചൊല്ലാൻ തുടങ്ങിയപ്പോ എണീറ്റ് ഭക്ഷണം ഉണ്ടാക്കുവാന്‍ കിച്ചണില്‍ പോയി. അവധി ദിനങ്ങളിൽ ബ്രേക്ക്ഫാസ്റ് ലാവിഷ് ആണ്. ആരും തെറ്റിദ്ധരിക്കരുത്, റവ കൊണ്ട് ഉണ്ടാക്കുന്ന സാൾട് മംഗോ ട്രീ ആണ് ഈ ലാവിഷ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നെ . ഉപ്മാവുണ്ടാക്കുവാന്‍ ഉള്ള ഒരുക്കത്തിനിടയിലാണ് കേരള ഖജനാവ്‌ പോലെ കാലിയായ കടുക് പാത്രം കണ്ടത് . കടുക് വാങ്ങാന്‍ പണിക്കര്‍ ചേട്ടനെ ഏല്പിച്ചു.

പണിക്കര്‍ ചേട്ടന്‍ കടുക് വാങ്ങുവാന്‍ പോകുന്നതിനിടെ ആലോചിച്ചു , ഭഗവവനേ കടുകിനെന്താണ് ഹിന്ദിയില്‍ പറയുക?........എങ്ങനെ ആ ബംഗാളി കടകാരനെ പറഞ്ഞു മനസിലാക്കിക്കും....... കൂ‌ടെയുണ്ടായിരുന്ന ആഷ്രഫിനോട് ചോദിച്ചു...ഡേയ് കടുകിന്റെ ഹിന്ദി എന്താ ?അശ്രഫിനും ഈ ഹിന്ദി അത്ര പോരാ. ഒടുക്കം പണിക്കർ തന്നെ ഐഡിയ കണ്ടെത്തി. അയാളോട് പോയി " ഓയില്‍ മെ ഡാല്‍ നെ കെ സമയ് ട്ടോ ...ട്ടോ .....ട്ടോ" എന്ന് പറയാം. പകുതി ആഗ്യഭാഷയിലും ഒപ്പിക്കാം എന്ന്. അപ്പൊ പുള്ളിക്ക് തന്നെ ഒരു സംശയം ഇനി ആ ബംഗാളി വല്ല പടക്കവും എടുത്തു തരുമോ എന്ന്. സ്പോട്ടിൽ ഉള്ള അഷ്‌റപ്പിന്റെ മറുപടി ചോദ്യം ആയിരുന്നു അതിലും രസം. "പിന്നേ നിങ്ങടെ നാട്ടിലൊക്കെ എണ്ണ ഒഴിച്ചാണോ പടക്കം പൊട്ടിക്കണത്?"