2019 സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ആദ്യാനുഭവം


ആരും പേരുകേട്ടു തെറ്റിദ്ധരിച്ചു വന്നു നോക്കണ്ട.. ഉണ്ണീ ഇതതല്ല. ഇത് ഞാൻ ആദ്യം നടത്തിയ വിമാനയാത്രയാ


2008 നവമ്പർ 2- പ്രവാസത്തിലേക്കു കാലെടുത്തു വച്ച ആ ദിനം. ഒരു പാടു ആകാംക്ഷയോടെയും ആശങ്കയോടെയും ആണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കയറിയത്, ഒരു പാടു സങ്കടത്തോടെയും. യാത്രയയക്കാൻ വന്ന് അമ്മയടക്കമുള്ളവരുടെ മുഖത്തെ കണ്ണീർചാലുകൾ ആ സങ്കടത്തെ ഉച്ചസ്ഥായിലാക്കി . പ്രധാന വാതിൽക്കൽ കാവൽ നിൽക്കുന്ന CRPF ചേട്ടൻമാർക്കു പാസ്സ്പോര്ട്ടും ടിക്കറ്റും വിസയും ഒക്കെ കാണിച്ചു കൊടുത്തു, അവർ ഹിന്ദിയിൽ എന്തോ ചോദിച്ചതിന് ജബ ജബ എന്ന് മറുപടിയും പറഞ്ഞു ,ഏഴാം ക്ളസ്സ് വരെ മാത്രം പഠിക്കേണ്ടി വന്ന ഹിന്ദിയുമായി ആണല്ലോ ഇനിയുള്ള അങ്കം എന്ന ചിന്തയോടെ കോഴിക്കോട് ബസ്റ്റാൻഡിന്റ സോറി വിമാനത്താവളത്തിന്റെ അകത്തേക്ക്. മുൻപ് പലതവണ മാമനെ കൊണ്ടുവരാനും കൊണ്ടുവിടാനും വരുമ്പോൾ പുറത്തുനിന്നു മാത്രം കണ്ടിട്ടുള്ള വിമാനത്താവളത്തിന്റെ അകത്തേക്ക്. അകത്തു കയറിയാൽ ഉള്ള ചടങ്ങുകൾ ചടങ്ങുകൾ ഒക്കെ മാമൻ പലതവണ ഫോൺ വഴി ക്‌ളാസ് എടുത്തു തന്നിട്ടുണ്ട്. ആദ്യം നമ്മുടെ ലഗ്ഗേജ് ഒക്കെ ഒരു സ്കാനറിൽ കയറ്റി ചെക്ക് ചെയ്തു അവർ ഒരു സ്റ്റിക്കർ ഒട്ടിച്ചു തരും. പിന്നീട അതുമായി വരി നിന്ന് എയർ അറേബ്യയുടെ കൗണ്ടറിലേക്ക്. ഒരു സുന്ദരി ചേച്ചി ഇരിക്കുന്നു കൗണ്ടറിൽ. ഞാൻ ടിക്കറ്റും പാസ്സ്പോര്ട്ടും വിസകോപ്പിയുമൊക്കെ അവരുടെ കയ്യിൽ കൊടുത്തപ്പോ അവര് പറഞ്ഞതനുസരിച്ചു ഹാൻഡ് ലഗ്ഗേജ് ഒഴികെ ഉള്ളത് എടുത്തു അവിടെയുള്ള കൺവയർ ബെൽറ്റിൽ വച്ചു. ഒരു സൈഡ് സീറ്റ് തരണേ ചേച്ചീ എന്ന് പറഞ്ഞപ്പോ തരാട്ടോ എന്ന് പറഞ്ഞു കംപ്യൂട്ടറിൽ കുത്തി കളിച്ചു പാസ്പോര്ട്ട് എടുത്തു ഉരച്ചു, ബോർഡിങ് പാസ് തന്നു. സലിംകുമാർ പറഞ്ഞ മാതിരി സൈഡ് സീറ്റാകുംബോൾ നല്ല കാഴ്ച് യൊക്കെ കണ്ടു, കാറ്റും കൊണ്ട് പോകാമെന്നുള്ള ചെറിയൊരാഗ്രഹത്തിന്റെ പുറത്തു ചോദിച്ചതാണ്. നമ്മുടെ ലഗേജ് ഒക്കെ തൂക്കി നോക്കി ,അതിന്റെ പുറത്തു എന്റെ പേരും പോകേണ്ട സ്ഥലവും ഒക്കെ എഴുതിയ സ്റ്റിക്കർ ഒക്കെ ഒട്ടിച്ചു , ബെൽറ്റ് വഴി അകത്തേക്ക് പോകുന്നത് നോക്കി നിന്നപ്പോൾ ആ ചേച്ചി പറഞ്ഞു കഴിഞ്ഞൂട്ടോ , ഇനി മുകളിലേക്ക് പൊയ്ക്കോളൂ എന്ന്. ഇത് ആ ഹാൻഡ് ബാഗിൽ കെട്ടിക്കോളു എന്നും പറഞ്ഞൊരു ടാഗും തന്നു .

അവിടെ നിന്നും എസ്‌കലേറ്റർ വഴി മുകളിലേക്ക്, നേരെ എമിഗ്രേഷൻ എന്ന കടമ്പ . അവിടെയിരുന്ന പോലീസുകാരൻ പാസ്‌പോർട്ടും വിസയും ഒക്കെ നോക്കി ആദ്യമായിട്ട് പോകുകയാ അല്ലെ എന്നൊക്കെ കുശലം ചോദിച്ചു സീലടിച്ചു തിരിച്ചു തന്നു. ഇനി സെക്യൂരിറ്റി ചെക്കിങ് എന്ന CRPFകാരുടെ കലാപരിപാടിയാണ് . അതിനാദ്യം നമ്മുടെ ഹാൻഡ് ബാഗും പേഴ്സും മൊബൈലും അടക്കം ഒരു സ്കാനറിൽകൂടെ കടത്തിവിട്ടു പരിശോധിക്കണം. പിന്നീട് നമ്മൾ ഒരു ബോഡി സ്കാനർ വഴി കടന്നു ഒരു ഓഫീസറുടെ മുന്നിൽ പോയി കുരിശ്ശിൽ തറച്ച മാതിരി രണ്ടു കൈയും പൊക്കി നിക്കണം. അപ്പൊ അയാൾ മെറ്റൽ ഡിറ്റക്ടർ വച്ചും കൈ വച്ചും മൊത്തം തപ്പി നോക്കും. ഇക്കിളി ആകുന്നു സാറെ എന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷെ ഹിന്ദി അറിയാതോണ്ടും , ചപ്പാത്തിയും ദാലും തിന്നു ഉരുട്ടിക്കയറ്റിയ മസിലിനു ഞാനായിട്ട് പണി കൊടുക്കണ്ട എന്നും കരുതി മിണ്ടാതിരുന്നു. അതും കഴിഞ്ഞു പുറത്തു കാത്തിരുന്നവരോട് എല്ലാം കഴിഞ്ഞു , ഇനി നിങ്ങൾ തിരിച്ചു പൊയ്ക്കോ എന്ന് ഫോൺ ചെയ്തു പറയുമ്പോഴേക്കും കണ്ണ് വീണ്ടും നിറഞ്ഞൊഴുകി. ആ സങ്കടം മാറ്റാനൊരു ചായകുടിക്കാം എന്ന് കരുതി അതിനകത്തുള്ള തട്ടുകടയിൽ ഒരു ചായ പറഞ്ഞപ്പോൾ തന്നെ ആ നിറഞ്ഞൊഴികിയ കണ്ണൊക്കെ തള്ളി പുറത്തെത്തി. ഇന്നലെ വരെ മൂന്ന് രൂപയ്ക്കു കുടിച്ചു കൊണ്ടിരുന്ന ചായക്ക്‌ നാൽപതു രൂപ!!

പിന്നെ കാത്തിരിപ്പായിരുന്നു, കുറെ നേരം കഴിഞ്ഞപ്പോൾ എയർ അറേബ്യ വിമാനം ഷാർജയിൽ നിന്നും എത്തിയതായി അറിയിപ്പ് വന്നു . വിമാനത്തിൽ നിന്നും പുറത്തേക്കിറങ്ങി സന്തോഷത്തോടെ എമിഗ്രെഷൻ കൗണ്ടറിലേക്കോടുന്ന ആളുകളെ നോക്കി ഇനി അങ്ങനെ വരുവാൻ ഒരു വര്ഷം എങ്കിലും കാത്തിരിക്കണ്ടേ എന്നാലോചിച്ചപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു. അൽപ നേരമായപ്പോൾ വിമാനത്തിലേക്കു പ്രവേശിക്കുവാനുള്ള അറിയിപ്പെത്തി. ഒരു ഗോവണി വഴി താഴെ ഇറങ്ങി നൂറു മീറ്റർ ബസ്സിൽ സഞ്ചരിച്ചു വിമാനത്തിന്റെ ചുവട്ടിൽ, അവിടെ നിന്നും ഗോവണി വഴി ജീവിതത്തിൽ ആദ്യമായി വിമാനത്തിനകത്തേക്കു. മുഖത്തു ചായം ഒക്കെ തേച്ചു ഒരു ചിരിയും ഫിറ്റ് ചെയ്ത ചുവന്ന ഉടുപ്പിട്ട എയർ ഹോസ്റ്റസുമാർ അകത്തേക്കു സ്വാഗതം ചെയ്തു . എന്റെ കൈയിൽ ഉള്ള ബോർഡിങ് പാസ് നോക്കി എന്റെ സീറ്റ് കാട്ടിത്തന്നു ഒരാൾ. കാഴ്ച കാണാൻ വേണ്ടി സൈഡ് സീറ്റ് ചോദിച്ചു വാങ്ങിയ ഞാൻ ആ സീറ്റ് കണ്ടു അന്തം വിട്ടു പോയ്. ഇരു വശത്തും മൂന്ന് വീതം സീറ്റുകൾ ഉള്ള ഒരു നിരയായി ആണ് സീറ്റുകൾഒരുക്കിയിരിക്കുന്നത് . നടുക്ക് ഉള്ള വഴിക്കു ഇരു വശവുമുള്ള രണ്ടു സീറ്റുകളെയാണ് വിമാനത്തിൽ സൈഡ് സീറ്റ് എന്ന് പറയുന്നത് എന്ന് അപ്പോഴാണ് എനിക്ക് കത്തിയത്. ഞാനുദ്ദേശിച്ച സീറ്റിനു വിന്ഡോ സീറ്റ് എന്നാണത്രെ പറയുക. പിന്നീട് ആലോചിച്ചപ്പോൾ ട്രെയിനിലും വിൻഡോ സീറ്റ് എന്നാണല്ലോ പറയുന്നത് എന്നോർമ്മ വന്നു. പറ്റാനുള്ളത് പറ്റി , ഇനി കിട്ടിയ സീറ്റിൽ ഇരിക്കുക എന്ന ചിന്തയിൽ അവിടെ ഇരുന്നു അടുത്തുള്ള ആൾ ചെയുന്നതു നോക്കി സീറ്റ് ബെൽറ്റ് ഇട്ടത്തിനു ശേഷം മലയാളികളുടെ ട്രേഡ് മാർക്ക് ആയ അപ്പുറത്തുള്ളവൻ എന്ത് ചെയ്യുന്നു എന്ന നോക്കുന്ന കലാപരിപാടി തുടർന്നു. അല്പസമയത്തിനുള്ളിൽ എയർ ഹോസ്റ്റസുമാരുടെ ആംഗ്യഭാഷയിലുള്ള പ്രകടനം ആരംഭിച്ചു. നിർഭാഗ്യവശാൽ എന്തെങ്കിലും അപകടമുണ്ടായാൽ എന്ത് ചെയ്യണം എന്നൊക്കെ ഉള്ള അറിയിപ്പുകൾ സ്പീക്കറിൽ കൂടെ വരുന്നതിനനുസരിച്ചു എയർ ഹോസ്റ്റസുമാർ അത് കാണിച്ചു തരുന്നുണ്ടായിരുന്നു.സ്പീഡിൽ ഊഞ്ഞാൽ ആടുമ്പോൾ പോലും പേടിച്ചിരിക്കുന്ന എന്റെ ഹൃദയമിടിപ്പിന്റെ താളം കൂട്ടികൊണ്ടു മുൻപ് എപ്പോഴൊക്കെയോ കണ്ടിട്ടുള്ള എയർ ക്രാഫ്റ്റ് ഇൻവസ്റ്റിഗേഷൻ സ്റ്റോറീസ് മനസ്സിലൂടെ ഓടാൻ തുടങ്ങി. ഇനി ഈ വിമാനമെങ്ങാൻ കടലിൽ വീണാൽ ഉപയോഗിക്കുവാനുള്ള ജാക്കറ്റ് ഉപയോഗിക്കേണ്ട വിധം കാണിച്ചു തരുമ്പോൾ ഞാൻ കണ്ണടച്ചിരിക്കുകയായിരുന്നു. കാരണം അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ വിമാനം താഴെ എത്തുന്നതിനു മുന്നേ ഞാൻ മുകളിലേക്ക് പോകും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നത് തന്നെ. അപ്പോഴേക്കും വിമാന സാവധാനം നീങ്ങി റൺവേയിൽ എത്തി, അവിടെ നിന്നും മുന്നോട്ടു ഓടാൻ തുടങ്ങി. പറഞ്ഞു കേട്ടെത്ര സ്പീഡിൽ ഒന്നും അല്ലല്ലോ പോകുന്നത് എന്ന് കരുതി ഇരിക്കുമ്പോഴേക്കും വിമാനം റൺവേയുടെ ഒരറ്റത്ത് എത്തിയിരുന്നു. അവിടെ നിന്നും 360 ഡിഗ്രി തിരിഞ്ഞപ്പോഴേക്കും കേട്ടത് ഒരിരമ്പമായിരുന്നു. വെട്ടി കൊണ്ട കാട്ടുപന്നിയെ പോലെ അല്ല കാട്ടുപോത്തിനെ പോലെ ആ ടാറിട്ട റൺവേയിലൂടെ ഇരമ്പി ആർത്തു പാഞ്ഞു . ഞാൻ സീറ്റിൽ മുറുകെ പിടിച്ചിരുന്നു, ഒരിത്തിരി പേടിയോടെ. എവിടെയൊക്കെയോ വായിച്ചിരുന്നു ഏറ്റവും അപകട സാധ്യത ഉള്ള രണ്ടു ഘട്ടങ്ങൾ എന്നുള്ളത് ടേക്ക് ഓഫും ലാൻഡിങ്ങും ആണെന്ന് . കുറച്ചു ദൂരം കുതിച്ച വിമാനം പതിയെ വായുവിലേക്കുയർന്നു. എന്റെ അടിവയറ്റിൽ ഒരാന്തലുയർന്നു. കണ്ണടച്ച് പ്രാത്ഥിച്ചിരുന്നു, എങ്കിലും ധൈര്യം സംഭരിച്ചു താഴേക്ക് എത്തിനോക്കിയപ്പോൾ ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന എയർപോർട്ട് ടെർമിനലും റോഡുകളും ഒക്കെ അകന്നകന്നു പോകുന്നത് കണ്ടു.വിമാനം ഇപ്പോഴും ഉയരത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇടയ്ക്കു വശങ്ങളിലേക്ക് ചെരിയുകയും മറ്റും ചെയ്യുന്നുണ്ട്. ഇടക്കിടക്ക് മേഘശകലങ്ങളെ വകഞ്ഞു മാറ്റി കുതിക്കുന്ന ഫീൽ ആയിരുന്നു. അൽപ സമയത്തിന് ശേഷം ആ യന്ത്രപ്പക്ഷി മുൻകൂട്ടി നിശ്ചയിച്ച അതിന്റെ യാത്ര പഥത്തിൽ, അതിന്റെ ഉയരത്തിൽ എത്തിയപ്പോൾ പിന്നെ നേരെ സഞ്ചരിക്കുവാൻ തുടങ്ങി. സീറ്റ് ബെൽറ്റ് അഴിക്കാം എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സീറ്റ് ബെൽറ്റ് ലൈറ്റ് അണഞ്ഞു. എല്ലാവരും സീറ്റ് ഒക്കെ പിറകിലോട്ട് താഴ്ത്തി ഉറക്കത്തിലോട്ടു വീഴാൻ തുടങ്ങി. .....ഒരു പാട് സ്വപ്നങ്ങളുമായി ഞാനും .. അപ്പോഴും ചെവിയിൽ ആ ഗാനം അലയടിച്ചു കൊണ്ടിരുന്നു .. ക്യൂബ മുകുന്ദന്റെ ആ പാട്ടു...

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...........