2019 നവംബർ 8, വെള്ളിയാഴ്‌ച

ഒരു കപ്പൽ യാത്ര

വര്ഷം 2003 ആണെന്നാണ് ഓർമ്മ.. മാസം ഒരു ഒക്ടോബർ നവംബർ സമയം. കൃത്യമായി ഓർമ്മയില്ല അതുകോണ്ടാ ഊഹക്കണക്കിടുന്നെ. എറണാകുളം വില്ലിങ്ടൺ ഐലന്റിലെ ഏതോ ഒരു ജെട്ടിയിൽ എംവി മിനിക്കോയ് എന്ന കപ്പൽ രണ്ടു വിശിഷ്ടാഥിതികളെയും കാത്തു കിടക്കുന്നു. ആ അതിഥികളിൽ ഒരാൾ ബസ്സിൽ ജെട്ടി ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ് . മറ്റേ ആൾ നീ കപ്പല് പുറപ്പെട്ടാൽ എങ്കിലും എത്തുമോടെ എന്ന് ചോദിച്ചു കൊണ്ടു ഫോൺ വിളിച്ചു കൊണ്ട് ജെട്ടിപുറത്തു എന്നെയും കാത്തിരിക്കുന്നു. ഇപ്പൊ മനസ്സിലായിക്കാണുമല്ലോ ഒന്നാമത്തെ ആൾ ആരാണെന്നു. രണ്ടാമത്തെ ആൾ ഇമ്മളെ ഒരു ചങ്ങായി ആകാൻ പോകുന്നവൻ ആണ്. ഇതുവരെ നേരിൽ കണ്ടിട്ടില്ല, ആദ്യസമാഗമം തന്നെ ജെട്ടിപുറത്തായിരുന്നു .

ഞങ്ങളുടെ ലക്‌ഷ്യം എന്ന് പറയുന്നത് അങ്ങ് അറബിക്കടലിൽ മുത്ത് പോലെ കോർത്തിട്ടിരിക്കുന്ന ലക്ഷദ്വീപിലേക്കാണ്. ചങ്ങാതി എന്ന് പറയുന്നവന് ഈ ദ്വീപുകളുമായി നല്ല ബന്ധം ഉണ്ട്. പുള്ളി അവിടെ ഉള്ള സർക്കാർ വകുപ്പുകളിൽ കമ്പ്യൂട്ടർ /നെറ്റ്‌വർക്ക് സംബന്ധിയായ ജോലികൾ ചെയ്യുന്ന ഒരാൾ ആണ്. അങ്ങേരുടെ ഒരു ചെറിയ ബിസിനസ് അങ്ങേരു എന്റെ മുതലാളിക്ക് കൊടുത്തു. അതിന്റെ ഭാഗമായി ആണ് ഈ യാത്ര. അവിടെ ഒരു ദ്വീപിലെ പഞ്ചായത്തു ഓഫീസിൽ ഒരു ഫോട്ടോകോപ്പിയർ കം പ്രിൻറർ ഇൻസ്റ്റാളേഷൻ. വലിയ സംഭവം ഒന്നും അല്ല, പെട്ടി പൊട്ടിക്കണം , ടോണർ കാട്രിഡ്ജ് ഒക്കെ ഫിറ്റ് ചെയ്യണം . അതിന്റെ പ്രവർത്തനങ്ങളും പിന്നെ അത്യാവശ്യം വേണ്ടി വന്നാൽ ചെയ്യേണ്ടുന്ന അറ്റകുറ്റപ്പണികളും ( നമുക്ക് പെട്ടന്ന് പോയി ചെയ്യാൻ പറ്റാത്തത് കൊണ്ട് ) അവരെ പഠിപ്പിക്കണം. അര ദിവസത്തെ പണി മാത്രം.
ലക്ഷ്വദ്വീപ് സന്ദർശിക്കുവാൻ ഇത്തിരി പണി കൂടുതൽ ഉണ്ട്, കാരണം നമ്മുടെ രാജ്യത്തിൻറെ തന്നെ ഭാഗമാണെങ്കിലും യാത്രകൾ ഒക്കെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ദ്വീപിനു പുറത്തുള്ളവർക്ക് സന്ദർശനത്തിന് അവിടുത്തെ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം. രണ്ടു വിധത്തിൽ അനുമതി കിട്ടും- ഒന്നവിടത്തെ ടൂറിസം പദ്ധതിയായ സ്‌പോർട് എന്ന പാക്കേജിൽ, മറ്റൊന്ന് അവിടെ ഉള്ള ആരെങ്കിലും നമ്മളെ സ്പോൺസർ ചെയ്‌താൽ. ഇപ്പൊൾ ആരെങ്കിലും സ്പോൺസർ ചെയ്‌താൽ തന്നെ നമ്മൾ നല്ല കുട്ടി ആണ് എന്ന് തെളിയിക്കാൻ ഉള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒക്കെ വേണം അനുമതി കിട്ടാൻ. എന്നാൽ അന്നതൊന്നും വേണ്ടിയിരുന്നില്ല എന്നാണ് എന്റെ ഓർമ. തിരിച്ചറിയൽ രേഖ ആയി ഡ്രൈവിംഗ് ലൈസൻസ് കൊടുത്ത ഒരോർമ്മയെ ഉള്ളു. കൊച്ചിയിൽ തന്നെ ഉള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ നിന്നും ആണ് നമുക്ക് ഉള്ള പെര്മിറ്റ് അനുവദിക്കുന്നത്. എന്റെ കാര്യത്തിൽ ഇതെല്ലാം ചെയ്തത് കൂടെ ഉള്ള ആൾ ആയിരുന്നു. അങ്ങനെ ഞങ്ങൾ ആദ്യമായി ആ കപ്പൽ ബർത്ത് ചെയ്ത വാർഫിൽ കണ്ടു മുട്ടി. മുൻപ് ഫോണിൽ സംസാരിച്ചു മാത്രമായുള്ള പരിചയം പുതുക്കി ഞങ്ങൾ കപ്പലിൽ കയറാനുള്ള ക്യുവിലേക്കു നടന്നു. നമുക്ക് കൊണ്ടുപോകാനുള്ള ഉപകരണങ്ങൾ എല്ലാം മുന്നേ അവിടെ എത്തിച്ചിരുന്നു. അത് ക്രയിൻ വഴി കപ്പലിലേക്ക് കയറ്റി അവർ ഭദ്രമാക്കി വച്ചിരുന്നു. ഞങ്ങൾ ടിക്കറ്റ് കാട്ടി കപ്പലിന്റെ അകത്തു കയറി. കയറുമ്പോൾ കപ്പലിലെ ജീവനക്കാർ എല്ലാവരുടെയും ബാഗ് ഒക്കെ തുറന്നു നോക്കുന്നുണ്ടായിരുന്നു. പ്രധാനമായും മദ്യമോ മറ്റോ കടത്തുന്നുണ്ടോ എന്നാണ് അവർ പരിശോധിക്കുന്നത്. ലക്ഷദീപ് മുഴുവനും നോ ആൽക്കഹോൾ ഏരിയ ആണ്. കൂടെ ഉള്ള ആൾ ഈ റൂട്ടിലെ സ്ഥിര യാത്രക്കാരൻ ആയിരുന്നതിനാൽ കപ്പൽ ജീവനക്കാരുമായി നല്ല കമ്പനി ആയിരുന്നു. അതോണ്ട് അവർ ഞങ്ങളുടെ ബാഗ് ഒന്നും അത്ര കാര്യമായി പരിശോധിച്ചില്ല. വെറുതെ ഒന്ന് തുറന്നു നോക്കി ഒരു ഫോര്മാലിറ്റി എന്ന രീതിയിൽ. ( ഇപ്പൊ ഇതൊക്കെ വിമാനയാത്ര മാതിരി തന്നെ ആണത്രേ, xray സ്‌കാനർ ഒക്കെ വെച്ചു ആണ് ബാഗേജ് ഒക്കെ പരിശോധിക്കുന്നത് എന്ന് കേട്ടു ). എംവി മിനിക്കോയി എന്ന കപ്പൽ 2001ൽ സർവീസ് നടത്താൻ തുടങ്ങിയ ഒരു കപ്പൽ ആണ്. ഏകദേശം 150 ഓളം യാത്രക്കാരെയും 30 ഓളം ജീവനക്കാരെയും വഹിച്ചു യാത്ര നടത്തുവാൻ സജ്ജമായ ഒരു യാത്ര കപ്പൽ ആണ്. അത്യാവശ്യം ചരക്കുകളും കയറ്റുവാൻ സാധിക്കും മീനും തേങ്ങയും ചുരുക്കം പച്ചക്കറികളും ഒഴികെ ബാക്കി എല്ലാ സാധനങ്ങളും മെയിൻ ലാൻഡിൽ നിന്നും എത്തിയാൽ മാത്രമേ ദ്വീപിലെ ജീവിതങ്ങൾ മുന്നോട്ടു പോകൂ , അപ്പോൾ പിന്നെ എല്ലാ കപ്പലുകളും ചെറിയ രീതിയിൽ ചരക്കു കപ്പൽ കൂടി ആയി പ്രവർത്തിക്കും . കപ്പലിനുള്ളിൽ നമുക്ക് സീറ്റ് കിട്ടിയതു കന്നുകാലി ക്‌ളാസിൽ ആയിരുന്നു. അതായത് ഒരു വലിയ ശീതീകരിച്ച ഹാളിൽ നിരത്തിയിരിക്കുന്ന പുഷ് ബാക് സീറ്റുകൾ ആയിരുന്നു അതിൽ. ആ കപ്പലിൽ ഇങ്ങനെയുള്ള സീറ്റിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഓർമ്മ. ആ ഹാളിന്റെ ഒരു വശത്തായി ഷവർ, ടോയ്ലറ്റ് സൗകര്യങ്ങൾ അടക്കമുള്ള വാഷ്‌റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഒരു ചെറിയ ഭക്ഷണ വിതരണ കൗണ്ടറും.
യാത്രക്കാർ കയറിയതിനു ശേഷം എല്ലാവരോടും സീറ്റിൽ ഇരിക്കുവാനുള്ള അറിയിപ്പ് ഉച്ചഭാഷണി വഴി എത്തി. പിന്നീട കപ്പലിന്റെ / പോർട്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വകയുള്ള തലയെണ്ണൽ ആയിരുന്നു. അയാൾ തല എണ്ണി കണക്കു കൊടുത്താൽ മാത്രമാണത്രെ സെയ്‌ലിംഗ് തുടങ്ങാനുള്ള അനുമതി കിട്ടുകയുള്ളു. അല്പസമയത്തിനുള്ളിൽ ഒരു ഹോൺ മുഴക്കത്തോടെ കപ്പൽ കൊച്ചി കായലിന്റെ കുഞ്ഞോളങ്ങളെ മുറിച്ചു കൊണ്ട് നീങ്ങാൻ തുടങ്ങി. എല്ലാവരും ഹാളിനു പുറത്തിറങ്ങി ഒരു ഗോവണി വഴി മുകളിലെ ഓപ്പൺ ഡകിലേക്ക് കയറി കപ്പലിന്റെ മുൻഭാഗത്തെത്തി അവിടെ നിന്നും ഉള്ള കൊച്ചിയുടെ കായൽ കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി. കൂട്ടതിൽ ഞങ്ങളും. ആദ്യമായി ആയതു കൊണ്ട് ഞാൻ ആവേശത്തിലായിരുന്നു. കൂടെ ഉള്ള സുഹൃത്തു ഇതൊക്കെ എന്ത് എന്ന മട്ടിലും. മാസത്തിൽ രണ്ടു തവണ കപ്പലിൽ യാത്ര ചെയ്യുന്ന പുള്ളി എവിടെ കിടക്കുന്നു, ആദ്യമായി കയറുന്ന ഞാൻ എവിടെ കിടക്കുന്നു. മനോഹര കാഴ്ചകൾ ആയിരുന്നു. ഫോട്കൊച്ചിയുടെ തീരം വഴി കപ്പൽ മെല്ലെ കടലിലേക്കിറങ്ങി, വേഗം കൂട്ടി കുതിക്കാൻ തുടങ്ങി. പതിയെ പതിയെ ഞങ്ങളുടെ പിറകിൽ കൊച്ചി ഒരു പൊട്ടു പോലെ ചെറുതായി അപ്രത്യക്ഷ്യമായി. ഒപ്പം മൊബൈലിൽ ഉണ്ടായിരുന്ന റേഞ്ചും. ചുറ്റും നീലക്കടൽ മാത്രം .. പിന്നെ ഇടയ്ക്കു വല്ല മീൻപിടുത്തയാനങ്ങളും മറ്റു ചില ചരക്കു കപ്പലുകളും കാണാം. ഡക്കിൽ വെയിലിന്റെ ചൂടേറിയപ്പോൾ അകത്തേക്ക് നടന്നു . കൂടെ ഉള്ള സുഹൃത്തുമായി കത്തി വച്ച് കുറെ സമയം കളഞ്ഞു . ഉച്ച ഭക്ഷണ വിതരണത്തെക്കുറിച്ചുള്ള അറിയിപ്പ് ഉച്ച ഭാഷിണിയിൽ മുഴങ്ങിയപ്പോൾ ഞങൾ ഭക്ഷണ വിതരണ കൗണ്ടറിലെത്തി . പ്രതീക്ഷിച്ച പോലെ നല്ല തിരക്ക് ആയിരുന്നു. ടിക്കറ്റ് കൊടുത്തപ്പോൾ അതിൽ ഒരു വരയും ഇട്ടു ഒരു പൊതി തന്നു . ചോറും ചൂരക്കറിയും പരിപ്പ് കറിയും കൂട്ടി ഉള്ള ഒരു ഊണായിരുന്നു . അതിനു ശേഷം ആ ഹാളിലുള്ള ടിവിയിൽ ഏതോ ഒരു പടവും കണ്ടു കൊണ്ട്, പണ്ട് തൊട്ടിലിൽ കിടന്ന ഓർമകളെ തൊട്ടുണർത്തിക്കൊണ്ടു കുഞ്ഞോളങ്ങളെ മുറിച്ചു മുന്നേറുന്ന ആ കപ്പലിൽ ഒരു മയക്കം. വൈകുന്നേരത്തെ ചായക്കും ശേഷം വീണ്ടും ഡെക്കിലേക്കു കയറി അസ്തമയകാഴ്‌ചക്കൾ ആസ്വദിക്കാൻ . ചുവന്നു തുടത്ത കടൽ കാഴ്ച ഒരു മനോഹര സന്ധ്യ ആയിരുന്നു സമ്മാനിച്ചത്. കപ്പൽ ഡക്കിന്റെ മുൻ അറ്റത്തു പോയി ടൈറ്റാനിക്കിലെ ജാക്ക് നിന്ന മാതിരി ഒന്ന് നിൽക്കണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും താഴെ വെള്ളത്തിലേക്ക് നോക്കാനുള്ള ചെറിയ ഒരു ധൈര്യക്കുറവ് ( നോട്ട് ദി പോയിന്റ് - പേടി അല്ല ) കാരണം ഉപേക്ഷിച്ചു. ഇപ്പൊ നല്ല കാലാവസ്ഥ ആയതിനാൽ ആണ് ഇത്ര സുഖ യാത്ര എന്നും , ആദ്യമായ് യാത്ര ചെയ്യമ്പോൾ ചിലപ്പോൾ കടൽച്ചൊരുക്കു കാരണം ഛർദിൽ ഒകെ ഉണ്ടാകാൻ സാദ്യത ഉണ്ടാകും എന്നൊക്കെ സുഹൃത്തു പറഞ്ഞിരുന്നു. മൺസൂണിൽ കപ്പൽ യാത്ര എന്നത് ഒരു ഭീകരഅനുഭവം ആണെന്നും പുള്ളി കൂട്ടി ചേർത്തു. പലപ്പോഴും നമ്മൾ ഇപ്പൊ യാത്ര ചെയ്യുന്ന തരത്തിലുള്ള ചെറുകപ്പലുകൾ മൺസൂണിൽ ഉണ്ടാകില്ലത്രേ. വലിയ കപ്പൽ ആയ ഭാരത് സീമയും ടിപ്പു സുൽത്താനും മാത്രം ആണ് അപ്പോഴത്തെ താരങ്ങൾ. ആ സമയം ടിക്കറ്റ് കിട്ടുക പ്രയാസവുമാണത്രെ . കുറെ നേരത്തിനു ശേഷം വീണ്ടും താഴെ ഇറങ്ങി രാത്രി ഭക്ഷണമായ ചപ്പാത്തിയും കറിയും കഴിച്ചു ഉറങ്ങാനുള്ള ഒരുക്കത്തിലേക്കു . ഇരുന്ന് ഉറങ്ങുക എന്ന പരിപാടി ഒഴിവാക്കാനായി ഞാനും സുഹൃത്തും കൂടി ബെഡ്ഷീറ്റ് ഒക്കെ എടുത്തു നേരെ ഡെക്കിലേക്കു , അവിടെ വിരി വച്ച് കടൽക്കാറ്റൊക്കെ കൊണ്ട് മൂടിപുതച്ചുറക്കം. രാവിലെ മൂട്ടിൽ വെയിലടിച്ചപ്പോഴാണ് പിന്നെ എഴുന്നേറ്റത് . ഫ്രഷ് ആയതിനു ശേഷം പ്രഭാത ഭക്ഷണമായി കിട്ടിയ ബ്രഡ്ഡും ജാമും കഴിച്ചതിന് ശേഷം കുറച് ഇരുന്നുറങ്ങി. രാവിലെ ഏകദേശം പത്തുമണി ഒക്കെ ആയപ്പോഴേക്കും ആദ്യ ദ്വീപ് ആയ കവരത്തി എത്തിയിരുന്നു. കപ്പൽ കൊച്ചിയിൽ നിന്നും വിട്ടാൽ പിന്നെ കരക്കടുക്കുന്നതും തിരിച്ചു കൊച്ചിയിൽ മാത്രമായിരിക്കും. കാരണം ആഴക്കുറവ് കാരണം കപ്പലുകൾ ഒന്നും തന്നെ ഒരു ദ്വീപിലും അടുപ്പിക്കാൻ പറ്റില്ല. ദ്വീപിൽ നിന്നും ഏകദേശം രണ്ടു മൂന്നു കിലോമീറ്റർ പുറത്തു ആയി ആണ് കപ്പലുകൾ നിർത്തുക. അവിടെ നിന്നും ബോട്ടുകളിൽ ആണ് ദ്വീപിലേക്ക്‌ ഉള്ള യാത്ര. ഈ ചെറു ബോട്ടുകൾ കപ്പലിന്റെ സമീപത്തു വന്നു നിർത്തും. കപ്പലും ബോട്ടും ഓളങ്ങളിൽ പെട്ട് ഉലയുന്നുണ്ടാകും. ആ സമയം ഒരു കയറിൽ പിടിച്ചു ബോട്ടിലേക്ക് ചാടണം. ആ ചാടുന്ന ടൈമിംഗ് തെറ്റിയാൽ നമ്മൾ ചിലപ്പോൾ ഇതിനിടയിൽ കൂടെ താഴേക്ക് പോകാം. ദ്വീപു നിവാസികൾ ആയ യാത്രികർ ഒരു വിഷമവും കൂടാതെ കൂൾ ആയി കൊച്ചുകുഞ്ഞുങ്ങളെ എടുത്ത് വരെ ഈ ചാട്ടം നടത്തുന്നു. അതിലും കൂളായി ആളുകൾ തലയിൽ ചുമടുമായി ഇറങ്ങുന്നു. ഇതൊക്കെ കണ്ടു കണ്ണും തള്ളി ഇങ്ങനെ തന്നെ നമ്മളും ഇറങ്ങേടി വരുമോ എന്ന് സുഹൃത്തിനോട് ചോദിച്ചപ്പോൾ ആക്കിയ ഒരു ചിരിയായിരുന്നു മറുപടി.

അവിടെ നിന്നും കുറെ പേർ കൈകുഞ്ഞ്ങ്ങളും ഒക്കെ ആയി കപ്പലിലേക്ക് കയറുകയും ചെയ്തു. ദ്വീപസമൂഹത്തിന്റെ ഭരണ സിരാകേന്ദ്രം കവരത്തി ആണ്. സമീപദ്വീപിൽ നിന്നൊക്കെ ആളുകൾ ചികിത്സക്കായും മറ്റും ഇവിടെക്ക് വന്നു മടങ്ങുന്നവരും, പിന്നെ ഇവിടെ നിന്നും തിരിച്ചു കൊച്ചിയിലേക്ക് പോകൂന്നവരും ഒക്കെ ആയി ഒരു മേളം. കപ്പലിന്റെ യാത്ര അങ്ങനെയാണ് ചാർട്ടർ ചെയ്തിട്ടുണ്ടാകുക. കൊച്ചിയിൽ നിന്നും തുടങ്ങി പല ദ്വീപുകൾ വഴി തിരിച്ചു കൊച്ചിയിൽ എത്തുന്ന വിധത്തിൽ. അവിടെ ഉള്ള ചരക്കുകളും മറ്റും ഇറക്കി അവിടെനിന്നും അടുത്ത ദ്വീപിലേക്ക്‌ യാത്ര തിരിച്ചു . ഏകദേശത്തെ ഒരു നാലുമണിയോടെ നമ്മുടെ ലക്ഷ്യസ്ഥാനമായ കടമത്ത് എന്ന ദ്വീപിനടുത്തു കപ്പൽ നിർത്തി. പപ്പു പറഞ്ഞമാതിരി പടച്ചോനേന്നും വിളിച്ചു ഇമ്മളും ചാടി ബോട്ടിലേക്ക് . വന്ന കപ്പലിനോട് ബൈ പറഞ്ഞു ബോട്ടിൽ കരയിലേക്ക്.
കരയിൽ പഞ്ചായത്തു ഓഫീസിൽ നിന്നുള്ള ആളുകൾ കാത്തിരിപ്പുണ്ടായിരുന്നു . നമ്മൾ കൊണ്ട് വന്ന സാധങ്ങൾ എല്ലാം അവർ അവിടെ ഒരു ഉന്തു വണ്ടിയിൽ കയറ്റി പഞ്ചായത്തു ഓഫീസിലെത്തിച്ചു. ഞങ്ങൾക്ക് താമസിക്കാൻ അവിടെ ഒരു ചെറിയ റൂം ഒരുക്കിയിട്ടുണ്ടായിരുന്നു. അന്ന് രാത്രി ഭക്ഷണം പഞ്ചായത്തു സെക്രട്ടറിയുടെ വീട്ടിൽ നിന്നും. ചോറും പിന്നെ മീൻ കൊണ്ടുള്ള കുറെ കറികളും. വെജിറ്റബിള് കറി ഉണ്ടാകുമ്പോൾ പോലും ദ്വീപുകാർ അതിൽ മീൻ ചേർക്കും എന്ന് തോന്നിപോയി. പക്ഷെ എല്ലാം നല്ല രുചിയുള്ളതായിരുന്നു. എല്ലാം കഴിഞ്ഞു റൂമിലെത്തി , കടലിന്റെ ഇരമ്പം കേട്ട് , കടൽ കാറ്റേറ്റ് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ കുളിയൊക്കെ കഴിഞ്ഞു അടുത്തുള്ള ഒരു കൊച്ചു ചായക്കടയിൽ നിന്നും പൊറോട്ടയും മീൻ കറിയും തട്ടി പഞ്ചായത്ത് ഓഫീസിലേക്ക് . പോകുന്ന വഴി പോലീസ് സ്റ്റേഷനിൽ പോയി റിപ്പോർട്ട് ചെയ്തു. ദ്വീപിൽ എത്തിയാൽ അതൊരു ചടങ്ങാണ്, തിരിച്ചു പോകുമ്പോഴും ഉണ്ട്. ഉച്ച ആകുമ്പോഴേക്കും പണി കഴിഞ്ഞു. ഇനി തിരിച്ചു പോകണം , പക്ഷെ തോന്നുമ്പോ പോകാൻ ബസ്സും ട്രെയിനും ഒന്നും ഇല്ലല്ലോ അവിടെ. കപ്പലാ കപ്പല്. അതിനി എപ്പോഴാ ഉള്ളത് എന്ന് നോക്കണം, പിന്നെ അതിനു ടിക്കറ്റ് കിട്ടുമോ എന്നും. ടിക്കറ്റ് പോലും മുൻഗണനാ അടിസ്ഥാനത്തിൽ ആണ് നൽകുന്നത്. ദ്വീപു നിവാസികക്കാണ് മുൻഗണന, അത് കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവർക്ക്. ഞങ്ങൾ അവിടെയുള്ള ടിക്കറ്റ് ബുക്കിങ് ഓഫീസിൽ ചെന്നന്വേഷിച്ചു . രാത്രി ഒരു കപ്പൽ ഉണ്ട്, പക്ഷെ ടിക്കറ്റ് ഇല്ല . പിന്നെ അടുത്ത് നാലുദിവസം കഴിഞ്ഞേ ഉള്ളൂ. അതിനു ടിക്കറ്റ് എടുത്തു . ഇനി നാല് ദിവസം ഈ ദ്വീപിൽ സുഖവാസം. ദ്വീപുകൾക്കിടയിലുള്ള യാത്രകൾക്കു വെസ്സൽ എന്നറിയപ്പെടുന്ന സംവിധാനം ഉണ്ട് . നമുക്കെന്നാൽ മറ്റു ദ്വീപുകളിൽ ഒക്കെ പോയി കറങ്ങാം എന്ന് പറഞ്ഞപ്പോഴാണ് എനിക്കതിനുള്ള പെർമിറ്റ് ഇല്ല എന്ന് മനസ്സിലായത്. കൂടെ ഉള്ളവന് എല്ലാ ദ്വീപുകളിലും പോകാൻ ഉള്ള പെര്മിറ്റ് ആണ് . പക്ഷെ എനിക്ക് ഈ ഒരു ദ്വീപിൽ ഇറങ്ങാൻ മാത്രമുള്ള അനുമതി ആണുള്ളത്. പിന്നെ നമ്മൾ റിസ്ക് എടുത്തു പോകണം. നല്ല അടി നാട്ടിൽ തന്നെ കിട്ടാനുള്ളപ്പോൾ പിന്നെ എന്തിനാ കപ്പലും കയറി ഇവിടെ വന്നു വാങ്ങിക്കുന്നത് എന്ന ചിന്തയിൽ അപ്പൊ തന്നെ ആ പരിപാടി ക്യാൻസൽ ചെയ്തു. പഞ്ചായത്തിലുള്ളവർ ഒരു ബൈക്ക് ഒപ്പിച്ചു തന്നു. പെട്രോൾ അവിടെ റേഷൻ ആണ്, എന്നാലും ബ്ലാക്കിൽ ചില കടകളിൽ കിട്ടും, ഇരട്ടി വില കൊടുക്കണം എന്ന് മാത്രം. നാല് ദിവസത്തേക്ക് ഒന്നോ രണ്ടോ ലിറ്റർ പെട്രോൾ മതിയാകും. കാരണം ആ ദ്വീപിന്റെ ആകെ നീളം എന്നത് ഏകദേശം 9 കിലോമീറ്റർ ആണ്. അങ്ങോട്ടും ഇങ്ങോട്ടും വണ്ടി ഓടിക്കുന്നതിനു ഒരു പരിധിയൊക്കെ ഇല്ലേ ...

വീതി കുറഞ്ഞ റോഡുകൾ ആയിരുന്നു ദ്വീപിലുടനീളം കണ്ടത്. പക്ഷെ ആ വീതികുറവു അവിടുത്തെ ജനങളുടെ മനസ്സിനുണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും വീടുകളുടെ ഇടയിൽ കൂടെയും അടുക്കളപ്പുറത്തുകൂടെയും ഒക്കെ ആയിരുന്നു റോഡ്. ഏതാ ഈ വരത്തൻമാർ എന്ന് എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടണ്ടായിരുന്നു. സൈക്കിൾ ആണ് അവിടുത്തെ മുഖ്യ യാത്രാ മാർഗം.വളരെ കുറച്ചു ബൈക്കുകളും മറ്റും. റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ ചില സ്ഥലങ്ങളിൽ എത്തുമ്പോൾ ഇരു വശങ്ങളിലും കടല് കാണാൻ പറ്റും , അത്രയേ വീതി ഉണ്ടായിരുന്നുള്ളു ദ്വീപിനു ആ ഇടങ്ങളിൽ. ചുറ്റും നല്ല നീല കടലും . ആഴം കുറവാണെങ്കിൽ കൂടെയും നല്ല നീല നിറത്തിലുള്ള കടൽ ഒരു മനോഹര കാഴ്ച്ചയായിരുന്നു. പഞ്ചാര മണലിന് ചേർന്നുള്ള നീലക്കടൽ കാഴ്ചകൾ അതിൽ ഇരുന്നും കിടന്നും ഒക്കെ ആസ്വദിച്ചു . മുങ്ങി നോക്കിയാൽ വെള്ളത്തിനടിയിലുള്ള മനോഹരമായ പവിഴ പുറ്റുകളും മറ്റും കാണാം. പക്ഷെ അതിനുള്ള പ്രത്യേക കണ്ണട ഒക്കെ ഇട്ടു വേണം നോക്കാൻ. അല്ലാതെ നോക്കിയാൽ കണ്ണിൽ ഉപ്പു വെള്ളം കയറുമ്പോൾ ഒരു സുഖവും ഉണ്ടാകില്ല. അവിടെ ഒരു വിൻഡ് സർഫിങ് ചാമ്പ്യാൻഷിപ്പ് നടക്കുന്നുണ്ടായിരുന്നു ആ ദിവസങ്ങളിൽ. ഒന്ന് രണ്ടു ദിവസം വൈകുന്നേരങ്ങളിൽ അത് കാണാൻ പോയി. ബാക്കി സമയം മുഴുവൻ വെള്ളത്തിൽ കിടന്നും പിന്നെ റൂമിൽ കിടന്നുറങ്ങിയും, വൈകുന്നേരങ്ങളിൽ അവിടെയുള്ള കുട്ടികളുമായി പഞ്ചരമണലിൽ കുത്തിമറിഞ്ഞും, ദ്വീപിലെ സ്പെഷ്യൽ ആയ മാസും ചൂരയും പിന്നെ ഇളനീരും ഒക്കെ ആയി ഒരു ആഘോഷം.
നാലാം ദിവസം രാവിലെ ബാഗ് ഒക്കെ റെഡിയാക്കി തിരിച്ചു കപ്പൽ കയറാൻ തയാറായി നിന്നു. പോകുന്ന വഴി പോലീസ് സ്റ്റേഷനിൽ പോയി എക്സിറ് റിപ്പോർട് ചെയ്തു പറഞ്ഞ സമയത്തു ജെട്ടിയിൽ എത്തി, അങ്ങ് ദൂരെ കടലിൽ ഒരു വലിയ കപ്പൽ നങ്കൂരമിട്ടിരിക്കുന്നുണ്ടായിരുന്നു. ബോട്ടിൽ കയറി കപ്പലിനരുകിലേക്കു . എംവി ഭാര്തസീമ എന്ന വലിയ കപ്പൽ ആയിരുന്നു അത്. നമുക്ക് കിട്ടിയിരിക്കുന്നത് ഒരു ക്യാബിനും ഒരു സിറ്റിംഗ് സീറ്റും ആയിരുന്നു . അതായത് ഒരാൾ കിടന്നും മേറ്റ് ആൾ ഇരുന്നും ഉറങ്ങണം എന്നർത്ഥം. ബാഗ് ഒക്കെ കാബിനിൽ കൊണ്ട് വച്ച് കപ്പലിന്റെ കമീഷൻ നോക്കാൻ ഇറങ്ങി. ശരിക്കും വലിയ കപ്പൽ , ഇങ്ങോട്ടു വന്ന കപ്പലിൽ ഫുഡ് ഒക്കെ ടിക്കറ്റിൽ ഉൾപ്പെട്ടിരുന്നു , എന്നാൽ ഇതിൽ നമുക്ക് കപ്പലിൽ തന്നെ ഉള്ള ഭക്ഷണശാലയിൽ നിന്നും വാങ്ങി കഴിക്കണം. ആദ്യം പോയി ഓരോ ചായ അടിച്ചു. അത്യാവശ്യം വലിയ ഒരു ഹാൾ ആണ് ഭക്ഷണശാല, മേശയും കസേരയും ഒക്കെ നിലത്തുറപ്പിച്ച രീതിയിൽ ആണ് ഉള്ളത്. മേശപ്പുറത്തു നിന്നും പ്ലേറ്റും മറ്റും ചാടിപ്പോകാതിരിക്കാൻ വശങ്ങളിൽ ഒരു വരമ്പുമാതിരി മരത്തിന്റെ റീപ്പറുകൾ അടിച്ചു വച്ചിട്ടുണ്ട്. കലാപ്പഴക്കത്തിന്റെ എല്ലാ അവശേഷിപ്പുകളും അടയാളപ്പെടുത്തിയ ആ കപ്പൽ ചുറ്റിക്കണ്ടു, പിന്നെ അവിടെയുള്ള ടി വി കണ്ടും , ചുറ്റുമുള്ളവരോട് കത്തിയടിച്ചും നേരം കൂട്ടി . രാത്രിയായപ്പോൾ ഊഴമിട്ടു ഞങ്ങൾ രണ്ടുപേരും ക്യാബിനിൽ കിടന്നുറങ്ങി. പിറ്റേന്നു ഏകദേശം ഉച്ച ആയപ്പോഴക്കും കപ്പൽ കൊച്ചി തീരത്തെത്തിയിരുന്നു. അങ്ങനെ ഏകദേശം ഒരാഴ്ചത്തെ മനോഹരമായ കപ്പൽ -കടമത്ത് യാത്ര പൂർത്തിയാക്കി, ഇനിയൊരിക്കൽ കൂടി നിഷ്ക്കളങ്ക മനസുള്ളവരുടെ ആ മണ്ണിന്റെ മനോഹാരിത ആസ്വദിക്കാൻ പോകണം എന്നുള്ള തീരുമാനത്തോടെ കൊച്ചിയിൽ തിരിച്ചു കാലുകുത്തി. ഇതുവരെ ആ ആഗ്രഹം നടന്നില്ല . നടക്കുമായിരിക്കും അല്ലെ ....

ഇനി ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്, ക്യുൻഎലിസബത്ത് 2 എന്ന പഴയ ഒരു കപ്പൽ ഇപ്പൊ ദുബായിൽ ഒരു ഹോട്ടൽ ആക്കി മാറ്റിയിട്ടുണ്ട് . കുടുംബവുമായി ഒരിയ്ക്കൽ അതു കാണാൻ ചെന്നപ്പോ , ഇതിന്റെ അകത്തു കയറി കണ്ടാലോ എന്നോ ആഗ്രഹത്തിന് വലിയ വില , ഏകദേശം 200 ദിർഹമോ മറ്റോ കൊടുക്കേണ്ടി വരും എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ഒരു തള്ളൂ തള്ളി . ഞാനിതുമാതിരിയുള്ള ഒരു കപ്പലിൽ കയറിയിട്ടുണ്ട് , വല്യ സംഭവം ഒന്നും അല്ല എന്നൊക്കെ. അപ്പൊ വാമഭാഗമാണ് പറഞ്ഞത് അതൊന്നു എഴുത്തിനോക്കാൻ. അങ്ങനെ ഒരു ശ്രമം നടത്തിയതാണ് ഈ അഹങ്കാരം. ഈ കുത്തിക്കുറിക്കലിനെ യാത്രാവിവരണം എന്ന് വിളിക്കാൻ ഞാൻ ആളല്ല. കാരണം പത്തു പതിനഞ്ചു വര്ഷം മുന്നേ നടത്തിയ യാത്ര ആയതിനാൽ കാര്യമായ ഓര്മകളൊന്നും ഇല്ല ഇപ്പൊ. ഫോട്ടോ പോലും ഇല്ല. എന്നീ ക്യാമറ മൊബൈൽ ഒന്നും ഉണ്ടായിരുന്നില്ല നമ്മുടെ കൈയിൽ. അപ്പൊ ഞാൻ ഓടി .....

2019 സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ആദ്യാനുഭവം


ആരും പേരുകേട്ടു തെറ്റിദ്ധരിച്ചു വന്നു നോക്കണ്ട.. ഉണ്ണീ ഇതതല്ല. ഇത് ഞാൻ ആദ്യം നടത്തിയ വിമാനയാത്രയാ


2008 നവമ്പർ 2- പ്രവാസത്തിലേക്കു കാലെടുത്തു വച്ച ആ ദിനം. ഒരു പാടു ആകാംക്ഷയോടെയും ആശങ്കയോടെയും ആണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കയറിയത്, ഒരു പാടു സങ്കടത്തോടെയും. യാത്രയയക്കാൻ വന്ന് അമ്മയടക്കമുള്ളവരുടെ മുഖത്തെ കണ്ണീർചാലുകൾ ആ സങ്കടത്തെ ഉച്ചസ്ഥായിലാക്കി . പ്രധാന വാതിൽക്കൽ കാവൽ നിൽക്കുന്ന CRPF ചേട്ടൻമാർക്കു പാസ്സ്പോര്ട്ടും ടിക്കറ്റും വിസയും ഒക്കെ കാണിച്ചു കൊടുത്തു, അവർ ഹിന്ദിയിൽ എന്തോ ചോദിച്ചതിന് ജബ ജബ എന്ന് മറുപടിയും പറഞ്ഞു ,ഏഴാം ക്ളസ്സ് വരെ മാത്രം പഠിക്കേണ്ടി വന്ന ഹിന്ദിയുമായി ആണല്ലോ ഇനിയുള്ള അങ്കം എന്ന ചിന്തയോടെ കോഴിക്കോട് ബസ്റ്റാൻഡിന്റ സോറി വിമാനത്താവളത്തിന്റെ അകത്തേക്ക്. മുൻപ് പലതവണ മാമനെ കൊണ്ടുവരാനും കൊണ്ടുവിടാനും വരുമ്പോൾ പുറത്തുനിന്നു മാത്രം കണ്ടിട്ടുള്ള വിമാനത്താവളത്തിന്റെ അകത്തേക്ക്. അകത്തു കയറിയാൽ ഉള്ള ചടങ്ങുകൾ ചടങ്ങുകൾ ഒക്കെ മാമൻ പലതവണ ഫോൺ വഴി ക്‌ളാസ് എടുത്തു തന്നിട്ടുണ്ട്. ആദ്യം നമ്മുടെ ലഗ്ഗേജ് ഒക്കെ ഒരു സ്കാനറിൽ കയറ്റി ചെക്ക് ചെയ്തു അവർ ഒരു സ്റ്റിക്കർ ഒട്ടിച്ചു തരും. പിന്നീട അതുമായി വരി നിന്ന് എയർ അറേബ്യയുടെ കൗണ്ടറിലേക്ക്. ഒരു സുന്ദരി ചേച്ചി ഇരിക്കുന്നു കൗണ്ടറിൽ. ഞാൻ ടിക്കറ്റും പാസ്സ്പോര്ട്ടും വിസകോപ്പിയുമൊക്കെ അവരുടെ കയ്യിൽ കൊടുത്തപ്പോ അവര് പറഞ്ഞതനുസരിച്ചു ഹാൻഡ് ലഗ്ഗേജ് ഒഴികെ ഉള്ളത് എടുത്തു അവിടെയുള്ള കൺവയർ ബെൽറ്റിൽ വച്ചു. ഒരു സൈഡ് സീറ്റ് തരണേ ചേച്ചീ എന്ന് പറഞ്ഞപ്പോ തരാട്ടോ എന്ന് പറഞ്ഞു കംപ്യൂട്ടറിൽ കുത്തി കളിച്ചു പാസ്പോര്ട്ട് എടുത്തു ഉരച്ചു, ബോർഡിങ് പാസ് തന്നു. സലിംകുമാർ പറഞ്ഞ മാതിരി സൈഡ് സീറ്റാകുംബോൾ നല്ല കാഴ്ച് യൊക്കെ കണ്ടു, കാറ്റും കൊണ്ട് പോകാമെന്നുള്ള ചെറിയൊരാഗ്രഹത്തിന്റെ പുറത്തു ചോദിച്ചതാണ്. നമ്മുടെ ലഗേജ് ഒക്കെ തൂക്കി നോക്കി ,അതിന്റെ പുറത്തു എന്റെ പേരും പോകേണ്ട സ്ഥലവും ഒക്കെ എഴുതിയ സ്റ്റിക്കർ ഒക്കെ ഒട്ടിച്ചു , ബെൽറ്റ് വഴി അകത്തേക്ക് പോകുന്നത് നോക്കി നിന്നപ്പോൾ ആ ചേച്ചി പറഞ്ഞു കഴിഞ്ഞൂട്ടോ , ഇനി മുകളിലേക്ക് പൊയ്ക്കോളൂ എന്ന്. ഇത് ആ ഹാൻഡ് ബാഗിൽ കെട്ടിക്കോളു എന്നും പറഞ്ഞൊരു ടാഗും തന്നു .

അവിടെ നിന്നും എസ്‌കലേറ്റർ വഴി മുകളിലേക്ക്, നേരെ എമിഗ്രേഷൻ എന്ന കടമ്പ . അവിടെയിരുന്ന പോലീസുകാരൻ പാസ്‌പോർട്ടും വിസയും ഒക്കെ നോക്കി ആദ്യമായിട്ട് പോകുകയാ അല്ലെ എന്നൊക്കെ കുശലം ചോദിച്ചു സീലടിച്ചു തിരിച്ചു തന്നു. ഇനി സെക്യൂരിറ്റി ചെക്കിങ് എന്ന CRPFകാരുടെ കലാപരിപാടിയാണ് . അതിനാദ്യം നമ്മുടെ ഹാൻഡ് ബാഗും പേഴ്സും മൊബൈലും അടക്കം ഒരു സ്കാനറിൽകൂടെ കടത്തിവിട്ടു പരിശോധിക്കണം. പിന്നീട് നമ്മൾ ഒരു ബോഡി സ്കാനർ വഴി കടന്നു ഒരു ഓഫീസറുടെ മുന്നിൽ പോയി കുരിശ്ശിൽ തറച്ച മാതിരി രണ്ടു കൈയും പൊക്കി നിക്കണം. അപ്പൊ അയാൾ മെറ്റൽ ഡിറ്റക്ടർ വച്ചും കൈ വച്ചും മൊത്തം തപ്പി നോക്കും. ഇക്കിളി ആകുന്നു സാറെ എന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷെ ഹിന്ദി അറിയാതോണ്ടും , ചപ്പാത്തിയും ദാലും തിന്നു ഉരുട്ടിക്കയറ്റിയ മസിലിനു ഞാനായിട്ട് പണി കൊടുക്കണ്ട എന്നും കരുതി മിണ്ടാതിരുന്നു. അതും കഴിഞ്ഞു പുറത്തു കാത്തിരുന്നവരോട് എല്ലാം കഴിഞ്ഞു , ഇനി നിങ്ങൾ തിരിച്ചു പൊയ്ക്കോ എന്ന് ഫോൺ ചെയ്തു പറയുമ്പോഴേക്കും കണ്ണ് വീണ്ടും നിറഞ്ഞൊഴുകി. ആ സങ്കടം മാറ്റാനൊരു ചായകുടിക്കാം എന്ന് കരുതി അതിനകത്തുള്ള തട്ടുകടയിൽ ഒരു ചായ പറഞ്ഞപ്പോൾ തന്നെ ആ നിറഞ്ഞൊഴികിയ കണ്ണൊക്കെ തള്ളി പുറത്തെത്തി. ഇന്നലെ വരെ മൂന്ന് രൂപയ്ക്കു കുടിച്ചു കൊണ്ടിരുന്ന ചായക്ക്‌ നാൽപതു രൂപ!!

പിന്നെ കാത്തിരിപ്പായിരുന്നു, കുറെ നേരം കഴിഞ്ഞപ്പോൾ എയർ അറേബ്യ വിമാനം ഷാർജയിൽ നിന്നും എത്തിയതായി അറിയിപ്പ് വന്നു . വിമാനത്തിൽ നിന്നും പുറത്തേക്കിറങ്ങി സന്തോഷത്തോടെ എമിഗ്രെഷൻ കൗണ്ടറിലേക്കോടുന്ന ആളുകളെ നോക്കി ഇനി അങ്ങനെ വരുവാൻ ഒരു വര്ഷം എങ്കിലും കാത്തിരിക്കണ്ടേ എന്നാലോചിച്ചപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു. അൽപ നേരമായപ്പോൾ വിമാനത്തിലേക്കു പ്രവേശിക്കുവാനുള്ള അറിയിപ്പെത്തി. ഒരു ഗോവണി വഴി താഴെ ഇറങ്ങി നൂറു മീറ്റർ ബസ്സിൽ സഞ്ചരിച്ചു വിമാനത്തിന്റെ ചുവട്ടിൽ, അവിടെ നിന്നും ഗോവണി വഴി ജീവിതത്തിൽ ആദ്യമായി വിമാനത്തിനകത്തേക്കു. മുഖത്തു ചായം ഒക്കെ തേച്ചു ഒരു ചിരിയും ഫിറ്റ് ചെയ്ത ചുവന്ന ഉടുപ്പിട്ട എയർ ഹോസ്റ്റസുമാർ അകത്തേക്കു സ്വാഗതം ചെയ്തു . എന്റെ കൈയിൽ ഉള്ള ബോർഡിങ് പാസ് നോക്കി എന്റെ സീറ്റ് കാട്ടിത്തന്നു ഒരാൾ. കാഴ്ച കാണാൻ വേണ്ടി സൈഡ് സീറ്റ് ചോദിച്ചു വാങ്ങിയ ഞാൻ ആ സീറ്റ് കണ്ടു അന്തം വിട്ടു പോയ്. ഇരു വശത്തും മൂന്ന് വീതം സീറ്റുകൾ ഉള്ള ഒരു നിരയായി ആണ് സീറ്റുകൾഒരുക്കിയിരിക്കുന്നത് . നടുക്ക് ഉള്ള വഴിക്കു ഇരു വശവുമുള്ള രണ്ടു സീറ്റുകളെയാണ് വിമാനത്തിൽ സൈഡ് സീറ്റ് എന്ന് പറയുന്നത് എന്ന് അപ്പോഴാണ് എനിക്ക് കത്തിയത്. ഞാനുദ്ദേശിച്ച സീറ്റിനു വിന്ഡോ സീറ്റ് എന്നാണത്രെ പറയുക. പിന്നീട് ആലോചിച്ചപ്പോൾ ട്രെയിനിലും വിൻഡോ സീറ്റ് എന്നാണല്ലോ പറയുന്നത് എന്നോർമ്മ വന്നു. പറ്റാനുള്ളത് പറ്റി , ഇനി കിട്ടിയ സീറ്റിൽ ഇരിക്കുക എന്ന ചിന്തയിൽ അവിടെ ഇരുന്നു അടുത്തുള്ള ആൾ ചെയുന്നതു നോക്കി സീറ്റ് ബെൽറ്റ് ഇട്ടത്തിനു ശേഷം മലയാളികളുടെ ട്രേഡ് മാർക്ക് ആയ അപ്പുറത്തുള്ളവൻ എന്ത് ചെയ്യുന്നു എന്ന നോക്കുന്ന കലാപരിപാടി തുടർന്നു. അല്പസമയത്തിനുള്ളിൽ എയർ ഹോസ്റ്റസുമാരുടെ ആംഗ്യഭാഷയിലുള്ള പ്രകടനം ആരംഭിച്ചു. നിർഭാഗ്യവശാൽ എന്തെങ്കിലും അപകടമുണ്ടായാൽ എന്ത് ചെയ്യണം എന്നൊക്കെ ഉള്ള അറിയിപ്പുകൾ സ്പീക്കറിൽ കൂടെ വരുന്നതിനനുസരിച്ചു എയർ ഹോസ്റ്റസുമാർ അത് കാണിച്ചു തരുന്നുണ്ടായിരുന്നു.സ്പീഡിൽ ഊഞ്ഞാൽ ആടുമ്പോൾ പോലും പേടിച്ചിരിക്കുന്ന എന്റെ ഹൃദയമിടിപ്പിന്റെ താളം കൂട്ടികൊണ്ടു മുൻപ് എപ്പോഴൊക്കെയോ കണ്ടിട്ടുള്ള എയർ ക്രാഫ്റ്റ് ഇൻവസ്റ്റിഗേഷൻ സ്റ്റോറീസ് മനസ്സിലൂടെ ഓടാൻ തുടങ്ങി. ഇനി ഈ വിമാനമെങ്ങാൻ കടലിൽ വീണാൽ ഉപയോഗിക്കുവാനുള്ള ജാക്കറ്റ് ഉപയോഗിക്കേണ്ട വിധം കാണിച്ചു തരുമ്പോൾ ഞാൻ കണ്ണടച്ചിരിക്കുകയായിരുന്നു. കാരണം അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ വിമാനം താഴെ എത്തുന്നതിനു മുന്നേ ഞാൻ മുകളിലേക്ക് പോകും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നത് തന്നെ. അപ്പോഴേക്കും വിമാന സാവധാനം നീങ്ങി റൺവേയിൽ എത്തി, അവിടെ നിന്നും മുന്നോട്ടു ഓടാൻ തുടങ്ങി. പറഞ്ഞു കേട്ടെത്ര സ്പീഡിൽ ഒന്നും അല്ലല്ലോ പോകുന്നത് എന്ന് കരുതി ഇരിക്കുമ്പോഴേക്കും വിമാനം റൺവേയുടെ ഒരറ്റത്ത് എത്തിയിരുന്നു. അവിടെ നിന്നും 360 ഡിഗ്രി തിരിഞ്ഞപ്പോഴേക്കും കേട്ടത് ഒരിരമ്പമായിരുന്നു. വെട്ടി കൊണ്ട കാട്ടുപന്നിയെ പോലെ അല്ല കാട്ടുപോത്തിനെ പോലെ ആ ടാറിട്ട റൺവേയിലൂടെ ഇരമ്പി ആർത്തു പാഞ്ഞു . ഞാൻ സീറ്റിൽ മുറുകെ പിടിച്ചിരുന്നു, ഒരിത്തിരി പേടിയോടെ. എവിടെയൊക്കെയോ വായിച്ചിരുന്നു ഏറ്റവും അപകട സാധ്യത ഉള്ള രണ്ടു ഘട്ടങ്ങൾ എന്നുള്ളത് ടേക്ക് ഓഫും ലാൻഡിങ്ങും ആണെന്ന് . കുറച്ചു ദൂരം കുതിച്ച വിമാനം പതിയെ വായുവിലേക്കുയർന്നു. എന്റെ അടിവയറ്റിൽ ഒരാന്തലുയർന്നു. കണ്ണടച്ച് പ്രാത്ഥിച്ചിരുന്നു, എങ്കിലും ധൈര്യം സംഭരിച്ചു താഴേക്ക് എത്തിനോക്കിയപ്പോൾ ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന എയർപോർട്ട് ടെർമിനലും റോഡുകളും ഒക്കെ അകന്നകന്നു പോകുന്നത് കണ്ടു.വിമാനം ഇപ്പോഴും ഉയരത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇടയ്ക്കു വശങ്ങളിലേക്ക് ചെരിയുകയും മറ്റും ചെയ്യുന്നുണ്ട്. ഇടക്കിടക്ക് മേഘശകലങ്ങളെ വകഞ്ഞു മാറ്റി കുതിക്കുന്ന ഫീൽ ആയിരുന്നു. അൽപ സമയത്തിന് ശേഷം ആ യന്ത്രപ്പക്ഷി മുൻകൂട്ടി നിശ്ചയിച്ച അതിന്റെ യാത്ര പഥത്തിൽ, അതിന്റെ ഉയരത്തിൽ എത്തിയപ്പോൾ പിന്നെ നേരെ സഞ്ചരിക്കുവാൻ തുടങ്ങി. സീറ്റ് ബെൽറ്റ് അഴിക്കാം എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സീറ്റ് ബെൽറ്റ് ലൈറ്റ് അണഞ്ഞു. എല്ലാവരും സീറ്റ് ഒക്കെ പിറകിലോട്ട് താഴ്ത്തി ഉറക്കത്തിലോട്ടു വീഴാൻ തുടങ്ങി. .....ഒരു പാട് സ്വപ്നങ്ങളുമായി ഞാനും .. അപ്പോഴും ചെവിയിൽ ആ ഗാനം അലയടിച്ചു കൊണ്ടിരുന്നു .. ക്യൂബ മുകുന്ദന്റെ ആ പാട്ടു...

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...........



2019 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പണം പോട്ടെ, പവർ വരട്ടെ

ഒരു പഴം ചൊല്ലുണ്ടായ കഥ
കഥ നടക്കുന്ന കാലം എന്നതു 80 അവസാന പാദത്തിൽ , 90കളുടെ ആദ്യത്തിൽ ആണു. അന്നു മലബാർ ഭാഗങ്ങളിൽ പ്രത്യേകിച്ച്‌ കണ്ണൂർ ഭാഗങ്ങളിൽ എന്തെങ്കിലും മെഡിക്കൽ എമർജൻസി വന്നാൽ മംഗലാപുരം ആണു ആളുകൾ പൊയ്ക്കൊണ്ടിരുന്നതു. കോഴിക്കോടു മെഡികൽ കൊളെജ്‌ ഉണ്ടെങ്കിലും അവിടെ വരേ എത്തുക എന്നതു ദുർഗ്ഗടമായിരുന്നു, കാരണം കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ ദേശീയപാതയിൽ എഴൊ എട്ടൊ റെയിൽവേ ഗേറ്റുകൾ ഉണ്ടായിരുന്നു. എന്തെങ്കിലും എമർജൻസി കേസുമായി പൊകേണ്ടി വന്നാൽ ഏതെങ്കിലും ഗേറ്റിൽ കുടുങ്ങി ആളു മുകളിലെക്കു പോകുക എന്നതായിരുന്നു പതിവ് . അതിനൊരു മാറ്റം വന്നത് M.V.R പരിയാരം മെഡിക്കൽ കോളേജ് കൊണ്ട് വന്ന ശേഷമാണ് . മംഗാലപുരത്തു തന്നെ മണിപ്പാൽ ആയിരുന്നു പ്രശസ്തം. മണിപ്പാലിൽ കൊണ്ടു പോയാൽ ഒരു വിധം എല്ലാ അസുഖങ്ങളും രക്ഷപ്പെടും എന്നു വിശ്വസിക്കുന്ന കാലം. നല്ല ട്രീറ്റ്മെന്റ്, നല്ല ബിൽ. അതായിരുന്നു മണിപ്പാൽ.

നാട്ടിലെ ആസ്ഥാന കള്ളു കുടിയനായിരുന്നു. അപ്പച്ചൻ ചേട്ടൻ, പുള്ളിക്ക് ഒറ്റ നിര്ബന്ധമേ ഉള്ളൂ ജീവിതത്തിൽ. ദിവസവും പണിയെടുക്കുക, വൈന്നേരം ആയാൽ പള്ളനിറയെ കള്ളടിക്കുക , ആരെയെങ്കിലും മേക്കിട്ടു കയറുക, അവർ കൊടുക്കുന്നതും വാങ്ങി വീട്ടിൽ പോകുക. അതിപ്പോ കൈകൊണ്ടായാലും കാലു കൊണ്ടായാലും പുള്ളിക്ക് പ്രശ്നമല്ല ഡെയിലി ആരുടെയെങ്കിലും കയ്യിൽ നിന്നും കിട്ടണം. എന്നിട്ടു വീട്ടിലെത്തിയാൽ കിട്ടിയത് മൊത്തം പുള്ളിക്കാരന്റെ കെട്ടിയോള് കുട്ടിയമ്മക്കിട്ടു കൊടുക്കണം. അത്രയേ ഉള്ളു.

അങ്ങനെ ഒരു വൈകുന്നേരം മൂപ്പിലാൻ രണ്ടെണ്ണം വിട്ടു നല്ല കിണ്ടിയായി റോഡിന്റെ വീതിയൊക്കെ അളന്നു അളന്നു വരുമ്പോഴാണ് സ്ഥലത്തെ കൂലിക്കാരുടെ നേതാവായ പുരുഷുവേട്ടനെ കണ്ടത്. സാധാരണ ഈ അവസ്ഥയിൽ ആരും അപ്പച്ചൻ ചേട്ടനെ കണ്ടാൽ മൈൻഡ് ആക്കാറില്ല. അല്ലേലും ആർക്കേലും റയിലുമേ കൂടെ പോകുന്ന രാജധാനി എക്സ്പ്രസ്സിനെ റോഡിലേക്കു വിളിക്കാൻ തോന്നില്ലല്ലോ. പക്ഷെ പാവം പുരുഷുവേട്ടന് കഷ്ടകാലമാണെന്നു കുറച്ചുമുന്നേ ജാതകം നോക്കി കണിയാൻ ഭാസ്കരൻ പറഞ്ഞിരുന്നത് പുള്ളി ഓർത്തില്ല. എന്തല്ലാ അപ്പച്ചൻ ചേട്ടാ, ഇന്നും നല്ല ഫോമിലാണല്ലോ എന്ന് വെറുതെ ഒരു കുശലം. ഇന്നത്തെ അടി ആരുടെ കയ്യിൽ നിന്നും വാങ്ങണം എന്നാലോചിച്ചു നിന്ന അപ്പച്ചൻ ചേട്ടൻ സ്പോർട്ടിൽ കയ്യിലുള്ള മണിപ്രവാളത്തിന്റെ കെട്ടഴിച്ചു പുരുഷുവേട്ടനിലേക്കു ഒഴുക്കി. നല്ല കായും മായും $&@& ഒക്കെ കൂട്ടി പുള്ളിയുടെ പൂർവ പിതാക്കന്മാരെയടക്കം സ്മരിച്ചുകൊണ്ടു. എത്ര നേരമാണ് ഇങ്ങനെ കേട്ട് നിൽക്കുക എന്നാലോചിച്ചു ക്ഷമകെട്ട പുരുഷുവേട്ടൻ കൈനീട്ടി ചെറുതൊരെണ്ണം കൊടുത്തു. ദേ കിടക്കുന്നു അപ്പച്ചൻ ചേട്ടൻ റോഡ്‌സൈഡിലുള്ള ഓവുചാലിൽ. ഇത് വള്ളികെട്ടാകുമല്ലോ എന്നാലോചിച്ചു പിടിച്ചെഴുനേൽപ്പിച്ചപ്പോൾ വീഴ്ചയിൽ നെറ്റി അവിടെയുണ്ടായിരുന്ന ചെറിയ കമ്പിയിലോ മറ്റോ കൊണ്ട് ഒന്ന് പോറിയിരുന്നു. ചോര പൊടിയുന്ന കണ്ടപ്പോ തന്നെ വയലന്റായ അപ്പച്ചൻചേട്ടൻ ജഗതി മിന്നാരത്തിൽ പറഞ്ഞ മാതിരി ഞാനിപ്പ ചാകുമേ എന്നെ ആശുപത്രിയിൽ കൊണ്ട് പോടേ എന്ന് നിലവിളിക്കാൻ തുടങ്ങി. കഷ്ടകാലത്തെ കറക്ടായി പ്രവചിച്ച കണിയാനെ സ്മരിച്ചു കൊണ്ട് പുരുഷുവേട്ടൻ കൂടെ ഉള്ളവരോട് ഒരു ജീപ്പ് വിളിക്കാൻ പറഞ്ഞു. അന്ന് ഓട്ടോറിക്ഷയൊക്കെ കുറവാണ്. എന്തിനും ഏതിനും, കല്യാണമായാലും ആശുപത്രികേസായാലും ജീപ്പ് ആയിരുന്നു പ്രധാനം. പവിയേട്ടന്റെ ജീപ്പെത്തി, അപ്പച്ചൻ ചേട്ടനെ വലിച്ചു പിറകിൽ കയറ്റി. കൂടെ പാവം പുരുഷുവേട്ടനും കൂട്ടുകാരുമായി ജീപ്പ് തൊട്ടടുത്ത ടൌൺ ആയാ ഇരിട്ടിയിലേക്കു. എന്തായാലും കമ്പി കൊണ്ട് മുറിഞ്ഞതല്ലേ പോയി ഒന്ന് ഡ്രസ്സ്‌ ചെയ്യിച്ചു ഒരു TT യും അടിച്ചു വരാം എന്ന് പറഞ്ഞു ഏതു ഹോസ്പിറ്റലിൽ പോകും എന്നുള്ള ചർച്ചയായി ജീപ്പിനുള്ളിൽ. തങ്കത്തിന്റെ അടുത്ത് പോകാം എന്നൊരാൾ, വേണ്ട തുളസ്സിയിൽ അല്ലേൽ ചാക്കോവിൽ പോകാം എന്ന് മറ്റൊരാൾ. തങ്കവും, തുളസിയും ഡോക്ടർമാരുടെ പേരിൽ അറിയപ്പെടുന്ന ആശുപത്രികൾ ആണ്. ചാക്കോ എന്നുള്ളത് പി ടി ചാക്കോ മെമ്മോറിയൽ ആശുപത്രിയും. പുരുഷുവേട്ടനും ടീമും ഏതു ഹോസ്പിറ്റലിൽ പോയാലാണ് ബില്ല് കുറഞ്ഞു കിട്ടുക എന്ന ചർച്ച നടത്തുമ്പോഴാണ് വിശ്വ പ്രസിദ്ധമായ ആ പ്രഖ്യാപനം വന്നത്. അടിച്ചു ഓഫായി ജീപ്പിന്റെ പിറകിൽ കിടക്കുന്ന അപ്പച്ചൻ ചേട്ടന്റെ ആ പ്രഖ്യാപനം. " പണം പോട്ടെ പവർ വരട്ടെ, വണ്ടി വിട് മണിപ്പാലിലേക്കു" എന്ന്.

നാട്ടിലെ പഴം ചൊല്ലുകളുടെ ലിസ്റ്റിലേക്ക് അപ്പച്ചൻ ചേട്ടന്റെ സംഭവനയായിരുന്നു ഈ "പണം പോട്ടെ പവർ വരട്ടെ, വണ്ടി വിട് മണിപ്പാലിലേക്കു"



കഥയും കഥാപാത്രങ്ങളും സ്ഥലവും തികച്ചും സാങ്കല്പികം. അഥവാ വല്ല സാദൃശ്യവും തോന്നിയാൽ അതും വെറും...യാദൃശ്ചികം.